ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ പത്ത് പ്രധാന ആശുപത്രി തീപിടിത്തങ്ങളിൽ 116 പേർ മരിച്ചെന്നും എന്നാൽ പ്രതികളിൽ ആരും ശിക്ഷിക്കപ്പെട്ടില്ലെന്നും റിപ്പോർട്ട്. ഈ സംഭവങ്ങളിൽ 29 പേർ പ്രതികളായിട്ടും ഒരാൾപോലും കസ്റ്റഡിയിൽപ്പോലുമില്ലെന്നും എല്ലാവരും ജാമ്യത്തിലാണെന്നും പ്രമുഖ ദേശീയ ഡിജിറ്റൽ മാധ്യമമായ ദ പ്രിന്റ് റിപ്പോർട്ട് ചെയ്തു.
തീപിടിത്തങ്ങൾക്ക് കാരണക്കാരായി സൈറ്റ് മാനേജർമാരെയും ആശുപത്രി മാനേജർമാരെയും ഡോക്ടർമാരെയുമാണ് പ്രതികളാക്കിയിരുന്നതെങ്കിലും എല്ലാവർക്കുംതന്നെ സ്ഥിര ജാമ്യമോ മുൻകൂർ ജാമ്യമോ നേടാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള ഒരു ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ദ പ്രിന്റ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ബിഹാറിലെ മുസാഫർപുരിൽ ഈ വർഷം ജൂൺ നാലിനുണ്ടായ തീപിടിത്തത്തിൽ ആറുപേരും മാർച്ചിൽ ഒഡീഷയിലെ കട്ടക്കിൽ 12 പേരും കഴിഞ്ഞ വർഷം ജയ്പൂരിൽ ആറു പേരും മരിച്ചത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2024ൽ ഡൽഹിയിൽ ഏഴ് കുഞ്ഞുങ്ങളാണ് മരിച്ചത്. 2024ൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ 18 നവജാത ശിശുക്കൾ, 2022ൽ മധ്യപ്രദേശിലെ ജബൽപുരിൽ എട്ടു പേർ, 2021ൽ മുംബൈയിലെ വിരാറിൽ 15 പേർ, 2021ൽ മുംബൈയിലെ ഭാണ്ഡൂപ്പിൽ 11 പേർ, 2018ൽ അന്ധേരി ഈസ്റ്റിൽ 11പേർ , 2016ൽ ഒഡീഷയിലെ ഭുവനേശ്വറിൽ 22 പേർ എന്നിങ്ങനെ ആശുപത്രി തീപിടിത്തത്തിൽ മരിച്ചതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഈ കേസുകളിൽ മിക്കതിലുംതന്നെ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ച കണ്ടെത്തി അവരെ പ്രതികളാക്കിയിട്ടും പല കേസുകളിലും കുറ്റപത്രം സമർപ്പിക്കാതെയും വിചാരണ തുടങ്ങാതെയും കാലതാമസം നേരിടുകയാണെന്നും ഇതാണ് എല്ലാ പ്രതികളും ജാമ്യത്തിൽ പുറത്തിറങ്ങി ഒരാൾപോലും ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.